ന്യൂഡൽഹി: മറ്റുള്ളവർക്കായി തെരഞ്ഞെടുപ്പുതന്ത്രം മെനയുന്ന പ്രശാന്ത് കിഷോർ ഇത്തവണ ബിഹാറിൽ സ്വന്തമായി തന്ത്രം മെനഞ്ഞപ്പോൾ അടിമുടി പാളി.
150ലധികം സീറ്റുകൾ നേടി ബീഹാറിന്റെ രാഷ്ട്രീയചിത്രം തന്നെ മാറ്റിമറിക്കുമെന്നു പ്രഖ്യാപിച്ചുകൊണ്ടാണ് പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി (ജെഎസ്പി) ജനവിധി തേടിയത്. എന്നാൽ മത്സരിച്ച എല്ലാ സീറ്റിലും പാർട്ടിയെ ജനങ്ങൾ കൈവിട്ടു. മൂന്നാം ബദലായി അവതരിപ്പിച്ചിട്ടും നിരവധി മണ്ഡലങ്ങളിൽ പാർട്ടി നോട്ടയ്ക്കും പിന്നിലാകുന്നതാണു കണ്ടത്. എക്സിറ്റ് പോളുകൾ അഞ്ചു സീറ്റുകൾ പ്രവചിച്ചിരുന്നെങ്കിലും ഒരിടത്തു മാത്രമാണ് പാർട്ടി രണ്ടാം സ്ഥാനത്തെങ്കിലും എത്തിയത്.
ആകെയുള്ള 243 മണ്ഡലങ്ങളിൽ 238 ഇടത്തും സ്കൂൾ ബാഗ് ചിഹ്നത്തിൽ പാർട്ടിക്ക് സ്ഥാനാർഥികളുണ്ടായിരുന്നു. അഭിഭാഷകരും ഡോക്ടർമാരും ശാസ്ത്രജ്ഞരും മുൻ ഐപിഎസുകാരും ഉൾപ്പെടെയുള്ള പ്രമുഖരെയാണു പാർട്ടിക്കുവേണ്ടി പ്രശാന്ത് കിഷോർ മത്സരരംഗത്തിറക്കിയത്. മധ്യവർഗത്തിന്റെയും ചെറുപ്പക്കാരുടെയും വോട്ടുകൾ ലക്ഷ്യമിട്ട ജൻ സുരാജ് പാർട്ടി തൊഴിലില്ലായ്മയും വികസനവുമായിരുന്നു പ്രധാന മുദ്യാവാക്യമായി ഉയർത്തിക്കാട്ടിയത്. എന്നാൽ ബിഹാറിലെ ജാതിസമവാക്യങ്ങൾക്കുമേൽ ഈ മുദ്രാവാക്യം ഏശിയില്ല.
ബിഹാറിലുടനീളം അടിത്തറ ശക്തമാക്കാനും ജനങ്ങളുമായി നേരിട്ടു ബന്ധപ്പെടാനും ജെഎസ്പി പരമാവധി ശ്രമം നടത്തി. ഇതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചയുടൻ പ്രശാന്ത് കിഷോർ സംസ്ഥാനത്തുടനീളം നടത്തിയ റാലികളിലും റോഡ് ഷോകളിലും വലിയ ജനപങ്കാളിത്തമുണ്ടായെങ്കിലും അതൊന്നും വോട്ടായില്ല. ബിഹാറിലുടനീളം രണ്ടുവർഷത്തെ പദയാത്ര നടത്തിയശേഷം 2024 ഒക്ടോബർ രണ്ടിനാണ് പ്രശാന്ത് കിഷോർ ജെഎസ്പി രൂപവത്കരിച്ചത്.